അരിയാഹാരത്തിനോട് മലയാളികളും മുഖം തിരിച്ച് തുടങ്ങിയിരിക്കുന്നു. ഗോതമ്പിനും അരിക്കും ഒപ്പം തന്നെ ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകളാണ് ഭക്ഷണത്തിന്റെ ഭാഗമായിരിക്കുന്നത്. ആരോഗ്യത്തിന് മില്ലറ്റുകൾ നൽകുന്ന ഗുണങ്ങളെ കുറിച്ച് ഇന്ന് എല്ലാവരും ബോധവാന്മാരാണ്.
പോഷകങ്ങളുടെ കലവറയാണ് മില്ലറ്റുകൾ. അമിതവണ്ണം കുറയ്‌ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ വഹിക്കുന്ന പങ്ക് നിർണായകമാണ്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ ഇവയൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നവയാണ് ചെറുധാന്യങ്ങൾ. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുന്ന, നാരുകളാൽ സമ്പന്നമായ ധാന്യങ്ങളാണിവ. സമീകൃതാഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ് മില്ലറ്റുകൾ.
രണ്ട് തരം മില്ലറ്റുകളാണുള്ളത്. മേജർ മില്ലറ്റ്സും മൈനർ മില്ലറ്റ്സും. ഫിംഗർ മില്ലറ്റ് അഥവാ റാഗി, ജോവർ അഥവാ മണിച്ചോളം, കൂവരക്, പേൾ മില്ലറ്റ് അഥവാ ബജ്റ, കമ്പ് എന്നിവയാണ് മേജർ മില്ലറ്റിൽ ഉൾപ്പെടുന്നത്.
ലിറ്റിൽ മില്ലറ്റ് അഥവാ ചാമ, ഫോക്സ് ടെയിൽ അഥവാ തിന, ബാൻയാഡ് അഥവാ കതിരവാലി, കോഡോ അഥവാ വരഗ്, പ്രോസോ അഥവാ പനി വരഗ്, ബ്രൗൺ ടോപ് അഥവാ കൊറലെ എന്നിവ മൈനർ മില്ലറ്റ്സിൽ ഉൾപ്പെടുന്നു.
അരിയാഹാരത്തിനേക്കാൾ കൂടുതൽ പ്രോട്ടീനും നാരുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും തീരെ കുറഞ്ഞ ഭക്ഷണമാണിവ. സ്ഥിരമായി ചെറുധാന്യങ്ങൾ കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് പറയുകയാണ് ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.രഘു.
- ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ പോലുള്ള ആസിഡുകൾ ഇതിലടങ്ങിയിരിക്കുന്നു
- വൻകുടൽ ക്യാൻസർ, സ്തനാർബുദം സാദ്ധ്യത ഗണ്യമായി കുറയ്‌ക്കുന്നു
- രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നു
- ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുന്നു
- ആസ്തമ, മൈഗ്രെയ്ൻ എന്നിവ കുറയ്‌ക്കുന്നു
- പ്രമേഹത്തെ നിയന്ത്രിക്കുന്നു
- പേശികൾക്ക് ബലം നൽകുന്നു
- ഗ്ലൂട്ടൺ വിമുക്തമായതിനാൽ അലർജി ഉള്ളവർക്ക് വരെ ഉപയോഗിക്കാം.
ചോറുമായി താരതമ്യം ചെയ്യുമ്പോൾ മില്ലറ്റുകൾ ആരോഗ്യകദായകമാണെന്ന് കണക്കുകൾ സഹിതം ഡോ. രഘു വ്യക്തമാക്കുന്നുണ്ട്.
100 ഗ്രാം മില്ലറ്റ്സിൽ
- കലോറി- 378 ഗ്രാം
- ഫാറ്റ്- 4.2 ഗ്രാം
- അന്നജം- 73 ഗ്രാം
- പ്രോട്ടീൻ- 11 ഗ്രാം
- സോഡിയം- 5 മില്ലിഗ്രാം
- ഡയറ്ററിഫൈബർ- 8.5 ഗ്രാം
- കാൽസ്യം- 8 മില്ലി ഗ്രാം
- അയൺ- 3 മില്ലി ഗ്രാം
- പൊട്ടാസ്യം-195 മില്ലി ഗ്രാം