പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ), ടാൻ (ടാക്സ് ഡിഡക്ഷൻ, കളക്ഷൻ അക്കൗണ്ട് നമ്പർ) എന്നിവ കൈകാര്യം ചെയ്യുന്ന പ്രക്രിയ ലളിതമാക്കാനും നവീകരിക്കാനുമായി പാൻ 2.0 യ്‌ക്ക് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അടുത്തിടയാണ് അംഗീകാരം നൽകിയത്. പുതിയ സംവിധാനം അവതരിപ്പിക്കുന്നതോടെ കൈയിലുള്ള പാൻ കാർഡ് എന്തു ചെയ്യുമെന്ന സംശയം പലർക്കുമുണ്ട്. ഒന്നിലധികം പാൻ കാർഡ് കൈവശം വയ്‌ക്കുന്നത് നിയമവിരുദ്ധമെന്നിരിക്കെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..
പുതിയ സംവിധാനത്തിലേക്ക് ചുവടുമാറുന്നുവെങ്കിലും പഴയ പാൻ കാർഡ് സാധുവായി തുടരുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പുതിയ ക്യൂആർ കോഡാകും പാൻ 2.0 യിൽ ഉണ്ടാവുക. ഘടനയിലും മാറ്റമുണ്ടാകും. ഫോട്ടോ, ഒപ്പ്, പിതാവിന്റെയോ അമ്മയുടെയോ പേര്, ജനനതീയതി എന്നിവയാകും ക്യൂആർ കോഡിലുണ്ടാവുക. ഫിസിക്കൽ കാർഡ് ആവശ്യമുള്ളവർ 50 രൂപ നൽകണം. അല്ലാത്തവർക്ക് പാൻ കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് അപേക്ഷിക്കാതെ തന്നെ ഇ-മെയിൽ ലഭ്യമാകും.
ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് പാൻ സംവിധാനം നവീകരിക്കുകയാണ് ലക്ഷ്യം. പാൻ അനുബന്ധ സേവനങ്ങൾ കാര്യക്ഷമമാക്കാനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും. നിലവിലുള്ള ഇ-ഫയലിംഗ് പോർട്ടല്, UTIITSL പോർട്ടൽ, പ്രോട്ടീൻ ഇ-ഗവൺമെൻ്റ് പോർട്ടലുകൾ എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ ഏകീകൃത പോർട്ടലായി മാറും. അപേക്ഷ, അപ്ഡേറ്റുകൾ, തിരുത്തലുകൾ, ആധാർ-പാൻ ലിങ്കിംഗ്, റി-ഇഷ്യു ചെയ്യാനുള്ള അഭ്യർത്ഥനകൾ എന്നിവ ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളും ഇതിൽ ചെയ്യാനാകും. കാലതാമസവും പരാതികളും കുറയ്‌ക്കാനും ഇത് സഹായിക്കും.
സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പാൻ ‘പൊതു ബിസിനസ് ഐഡൻ്റിഫയർ’ ആക്കാനും തീരുമാനമായി. നിയമം കാറ്റിൽ പറത്തി ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്‌ക്കുന്നവർ നിരവധിയാണ്. ഇവരെ പിടികൂടാനും പാൻ 2.0 സഹായിക്കും. രാജ്യത്ത് 78 കോടി പേർക്ക് PAN-ഉം 73.3 ലക്ഷം പേർക്ക് TAN-ഉം നിലവിലുണ്ട്.