കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുബത്തിന്റെ ആവശ്യം തളളി സിപിഎം. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് കുടുംബത്തിന്റെ ആവശ്യത്തോട് പാർട്ടി യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന സിപിഎമ്മിന്റെ വാദത്തിലെ പൊളളത്തരമാണ് ഇതോടെ തുറന്നുകാട്ടപ്പെടുന്നത്.
സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന വാക്ക് ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അംഗീകരിച്ചിട്ടില്ല ഇന്നും അംഗീകരിച്ചിട്ടില്ല, ഇനി നാളെയും അംഗീകരിക്കാൻ പോകുന്നില്ലെന്ന് ആയിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. ഞങ്ങളെ സംബന്ധിച്ച് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആയിരുന്നു എംവി ഗോവിന്ദന്റെ വാദം. ശരിയായ ദിശാബോധത്തോടെ ഇനിയും പ്രവർത്തിക്കും.
സിബിഐ അന്വേഷണത്തിൽ ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. സുപ്രീകോടതി തന്നെ സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പറഞ്ഞിട്ടുണ്ട്. സിബിഐ അന്വേഷണത്തിൽ വ്യക്തമായ നിലപാട് സിപിഎമ്മിനുണ്ട്. അതിലൊന്നും മാറ്റം ഞങ്ങൾ വരുത്തിയിട്ടില്ല. നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ പോയിട്ടുണ്ട്. കോടതി നിലപാട് സ്വീകരിക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേസിൽ പ്രത്യേക അന്വേഷണ സംഘം പേരിന് മാത്രമാണെന്ന് കുടുംബം ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് പറയാൻ കഴിയില്ലെന്നും കുടുംബം എത്തുന്നതിന് മുൻപ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിൽ ഉൾപ്പെടെ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു. ഡിസംബർ 8ന് ഹർജി വീണ്ടും പരിഗണിക്കും.
കണ്ണൂരിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പിപി ദിവ്യ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് അവഹേളിച്ചതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎം പെട്രോൾ പമ്പിന് അനുമതി നൽകാനായി കൈക്കൂലി വാങ്ങിയെന്ന് ആയിരുന്നു പിപി ദിവ്യയുടെ ആരോപണം. എന്നാൽ സർവ്വീസിൽ ഇതുവരെ മോശം ട്രാക്ക് റെക്കോർഡ് ഇല്ലാത്ത ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു.
സ്റ്റാഫ് കൗൺസിൽ നടത്തിയ പരിപാടിയിലേക്ക് ക്ഷണിക്കാതെ എത്തിയ പിപി ദിവ്യ എഡിഎമ്മിനെ കരുതിക്കൂട്ടി അവഹേളിക്കുകയായിരുന്നു. സിപിഎം സഹയാത്രികനായിരുന്നു നവീൻ ബാബു. സംഭവത്തിൽ അറസ്റ്റിലായ പിപി ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ദിവ്യ രാജിവെച്ചിരുന്നു.















