കണ്ണൂർ: പത്തോളം പേരെ കടിച്ച നായ ചത്ത നിലയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോം, പാർക്കിംഗ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിലാണ് നായ ആക്രമണം നടത്തിയത്. പിന്നീട് തെരുവുനായകൾ തമ്മിലുള്ള കടികൂടലിനിടെ അക്രമകാരിയായ നായ ചത്തു.
പരാക്രമമോ മറ്റ് പ്രകോപനങ്ങളോ ഒന്നുമില്ലാതെയാണ് നായ ആളുകളെ കടിച്ചത്. നടന്നു പോകുന്നതിനിടെ കടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിക്ക് റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിക്കാണ് ആദ്യം നായയുടെ കടിയേൽക്കുന്നത്. തുടർന്ന് പാസഞ്ചർ ട്രെയിനിൽ വന്നിറിങ്ങിയ യുവാവിനെ കടിച്ചു. പിന്നാലെ നായയെ ഓടിച്ചു വിട്ടതിനാൽ പിന്നീട് പരിസരത്ത് കണ്ടില്ല.
ഉച്ചയോടെ വീണ്ടും നായയെത്തി. റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറേ കവാടം പാർക്കിംഗ് സ്ഥലത്തെത്തിയ നായ മുന്നിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. കടിയേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















