ജയ്‌പൂർ: സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ശവകുടീരമായ അജ്മീർ ദർഗ നിലനിൽക്കുന്ന ഭൂമിയിൽ ശിവക്ഷേത്രമുണ്ടെന്ന് കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ദർഗയെ ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അജ്മീറിലെ പ്രാദേശിക കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിക്കാരന്റെ വാദം കേട്ട കോടതി ബന്ധപ്പെട്ട മൂന്ന് കക്ഷികൾക്ക് നോട്ടീസയച്ചു.
അജ്മീർ ദർഗ കമ്മിറ്റിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും രാജ്യ തലസ്ഥാനത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഓഫീസിനുമാണ് കോടതി നോട്ടീസ് അയച്ചത്. സെപ്റ്റംബറിലാണ് ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് ഫയൽ ചെയ്തത്. അജ്മീർ ദർഗയെ സങ്കട് മോചൻ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ദർഗയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള രജിസ്ട്രേഷൻ ഉണ്ടെങ്കിൽ അത് റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കൂടുതൽ വ്യക്തതയ്‌ക്കായി എഎസ്ഐ സർവേ നടത്തി ഹിന്ദുക്കൾക്ക് പരിസരത്ത് ആരാധന നടത്താനുള്ള അവകാശം നൽകണമെന്നും ആവശ്യമുന്നയിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്ന ഹർ ബിലാസ് സർദ 1910 ൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് എഴുതിയിരുന്നതായി ഹർജിയിൽ പറയുന്നു.
50 വർഷങ്ങൾക്കുമുൻപ് ദർഗയ്‌ക്കുള്ളിലെ ശിവ ക്ഷേത്രത്തിൽ ഒരു പുരോഹിതൻ സ്ഥിരമായി പ്രാർത്ഥനകൾ നടത്താറുണ്ടായിരുന്നതായും എന്നാൽ ഇവിടെയുണ്ടായിരുന്ന ശിവലിംഗം നിലവറയിലേക്ക് മാറ്റിയതായും പ്രദേശവാസികൾ പറഞ്ഞിട്ടുള്ളതായി വിഷ്ണുഗുപ്തയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഡിസംബർ 20നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.















