ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത 6.7 ലക്ഷം സിം കാർഡുകളും 1.3 ലക്ഷം ഐഎംഇഐകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ 25 വരെയുള്ള കണക്കാണ് ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചത്.
സമീപകാല ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സൈബർ കുറ്റവാളികൾ നടത്തുന്ന ഇൻകമിംഗ് ഇന്റർനാഷണൽ സ്പൂഫ് കോളുകൾ തിരിച്ചറിയാനും തടയാനും കേന്ദ്രസർക്കാരും ടെലികോം സേവന ദാതാക്കളും സംയുക്തമായി ഒരു സംവിധാനം വികസിപ്പിച്ചെടുത്തതായി ആഭ്യന്തരകാര്യ സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു. ഇത്തരം കോളുകൾ തടയുന്നതിന് ടെലികോം സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രാജ്യസഭയിലെ ചോദ്യത്തിന് അദ്ദേഹം രേഖാമൂലം മറുപടി നൽകി.
സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിനും തട്ടിപ്പുകൾ പണം കൈക്കലാക്കുന്നത് തടയുന്നതിനുമായി 2021-ൽ I4C ക്ക് കീഴിൽ ‘സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മന്റ് സിസ്റ്റം’ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതുവരെ 9.9 ലക്ഷത്തിലധികം പരാതികളിലായി 3,431കോടി രൂപയിലധികം തുക തിരിച്ചുപിടിക്കാനായിട്ടുണ്ട്.















