ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവ്. മഴ കനത്തതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ കാറ്റും മഴയുമാണുള്ളത്. ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്നവരില്‍ 30 ശതമാനത്തോളം പേര്‍ ദര്‍ശനത്തിനെത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നട തുറന്നപ്പോള്‍ അഞ്ച് വരിയില്‍ മാത്രമാണ് തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നത്. അഞ്ച് മണിയായപ്പോഴേക്കും ഇവര്‍ക്ക് ദര്‍ശനം നടത്താനും സാധിച്ചു.
പിന്നീട് എത്തുന്ന ഭക്തര്‍ക്ക് കാത്തിരിപ്പ് ഇല്ലാതെ തന്നെ ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ട്. പന്ത്രണ്ട് വിളക്ക് കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നിട്ടില്ല. പ്രസാദ കൗണ്ടറുകള്‍ക്ക് മുന്നിലും തിരക്കില്ല. ഇന്നലെ രാത്രിയില്‍ ഒന്‍പത് മണിക്ക് പതിനെട്ടാം പടി കയറാന്‍ 500ല്‍ താഴെ ഭക്തര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ മാത്രം 63,242 പേര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താനെത്തി. ഇതില്‍ 10124 പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയാണ് എത്തിയത്. പമ്പയിലും നിലയ്‌ക്കലിലുമെല്ലാം തിരക്ക് നിലവില്‍ നിയന്ത്രണവിധേയമാണ്.
അതേസമയം ശബരിമലയില്‍ പതിനെട്ടാംപടിയില്‍ ശ്രീകോവിലിന് പുറം തിരിഞ്ഞ് നിന്ന് പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ നേരിട്ടെത്തി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി വിശദീകരണം നല്‍കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.