പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അഞ്ചുമൂർത്തിമംഗലത്തുവച്ചാണ് സംഭവം. അപകടത്തിൽ 15 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം രാത്രി 12:30 ഓടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും ശബരിമലയിലേക്ക് ദർശനത്തിന് പോവുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപെട്ടത്. 25 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന്റെ വലത് ഭാഗത്തെ ഡിവൈഡറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.