നാഗ്പൂർ: മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹായുതിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഒരുമിച്ചിരുന്നാണ് തങ്ങൾ ഓരോ തീരുമാനങ്ങളും എടുക്കാറുള്ളതെന്നും, ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഏകനാഥ് ഷിൻഡെയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” മഹായുതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് കൂട്ടായ തീരുമാനം എടുക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഞ്ങ്ങൾ പറഞ്ഞിരുന്നു. ഉടൻ തന്നെ മുതിർന്ന നേതാക്കളെ കാണുമെന്നും” ഫഡ്‌നാവിസ് പറയുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് തീരുമാനം എടുത്താലും അത് അനുസരിക്കുമെന്ന് ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹായുതിയിൽ നിന്ന് ആര് മുഖ്യമന്ത്രിയായാലും ശിവസൈനികർ അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും ഷിൻഡെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഏകനാഥ് ഷിൻഡെ ഇന്ന് ബിജെപി ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മഹായുതിയിൽ ഒരു രീതിയിലും തർക്കങ്ങളില്ലെന്നും, എല്ലാ തീരുമാനങ്ങളും മൂന്ന് പാർട്ടികളും യോജിച്ചാണ് എടുക്കുന്നതെന്നും ഷിൻഡെ പക്ഷത്തെ ശിവസേന എംപി ധൈര്യശീല് സാംഭാജിറാവു മാനെ പറഞ്ഞു. തർക്കങ്ങളുണ്ടെന്നും, ഉപമുഖ്യമന്ത്രി സ്ഥാനം ഷിൻഡെ സ്വീകരിക്കില്ലെന്നുമെല്ലാം പുറത്ത് നിന്ന് ഉള്ളവരാണ് പറയുന്നത്. അവരുടെ സഖ്യത്തിലേത് പോലെ യാതൊരു പ്രശ്‌നങ്ങളും ഇവിടെ ഇല്ല. കൂട്ടായ തീരുമാനങ്ങളാണ് ഇവിടെ നടപ്പാക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.