ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിൽ നിന്ന് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്. നിർമാണത്തിൽ കാണിച്ച അതേ രഹസ്യ സ്വഭാവം ഈ പരീക്ഷണത്തിലും പ്രതിരോധ മന്ത്രാലയം കാത്തുസൂക്ഷിച്ചിട്ടുണ്ട്.
പരീക്ഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്. വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം. 6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘട്ടിൽ നിന്ന് ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കെ-4 മിസൈലാണ് പരീക്ഷിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിന് ഐഎൻഎസ് അരിഘട്ട് ഉപയോഗപ്പെടുത്തും. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ ഇതിന് സാധിക്കും. ഓഗസ്റ്റ് 29-നാണ് ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തത്. ആദ്യത്തെ ആണവ മിസൈൽ അന്തർവാഹിനിയായ അരിഹന്തിൽ നിന്ന് വ്യത്യസ്തമായി കെ-4 മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 7,000 ടൺ ഭാരമുള്ള മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിധമന്റെ നിർമാണവും പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ കമ്മീഷൻ ചെയ്യുമെന്നാണ് വിവരം.















