കണ്ണൂർ: വഖ്ഫിന് അനുകൂലമായ ഇടത് ഇടപെടൽ തുറന്ന് പറഞ്ഞ് പി. ജയരാജന്റെ പുസ്തകം. ‘കേരള മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മുസ്ലീം സമൂഹത്തിന് വേണ്ടി ഇടത് സർക്കാർ ചെയ്തു കൊടുത്ത കാര്യങ്ങൾ സൂചിപ്പിക്കുന്നതിന് ഇടയിലാണ് ഭൂമി തിരിച്ച് പിടിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ച കാര്യം ചൂണ്ടിക്കാട്ടുന്നത്. വഖ്ഫ് വിഷയം കേരളം ചർച്ച ചെയ്യുന്നതിന് മുമ്പാണ് ജയരാജൻ പുസ്തകം പ്രസിദ്ധീകരിച്ചത്. വഖ്ഫിനോടുള്ള സിപിഎമ്മിന്റെ കരുതൽ വലിയ അഭിമാനത്തോടെയാണ് ജയരാജൻ അക്കമിട്ട് നിരത്തുന്നത്.
സിപിഎമ്മിന്റെ നിലപാട് എന്നും വഖ്ഫിന് ഒപ്പമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പി ജയരാജന്റെ വരികൾ. ” വഖ്ഫിന്റെ ഭൂമി തിരിച്ച് പിടിക്കാൻ നിസാർ കമ്മീഷനെ സർക്കാർ നിയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടുവെന്ന് കമ്മീഷന്റെ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ച് വഖ്ഫ് ഭൂമി തിരിച്ച് പിടിക്കാൻ തീരുമാനിക്കുകയും ചെയ്തു”, ജയരാജൻ പറയുന്നു.
മുനമ്പം വിഷയം ആളിപ്പടർന്നതിന് പിന്നാലെ ഇടത് സർക്കാരിന്റെ കാലത്താണ് ഭൂമി തിരിച്ച് പിടിക്കാൻ അനുവാദം ലഭിച്ചതെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വാദം സർക്കാർ തിരസ്കരിച്ചു. ജയരാജന്റെ പുസ്തകത്തിലെ വരികൾ സിപിഎമ്മിന് തന്നെ ബൂമറാങ്ങുകയാണ്.