തിരുവനന്തപുരം: നെയ്യാറ്റിൻകര വില്ലേജ് ഓഫീസിലെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. 2,865 രൂപയുടെ വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെത്തുടർന്നാണ് നടപടി. കെഎസ്ഇബിയിൽ നിന്നും ഉദ്യോഗസ്ഥരെത്തി ഫ്യൂസൂരുകയായിരുന്നു.
നാല് മാസങ്ങൾക്ക് മുൻപാണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയത്. രണ്ട് മാസത്തെ കുടിശ്ശികയായ 2,865 രൂപയാണ് അടയ്‌ക്കാനുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ താലൂക്ക് ഓഫീസിൽ നടന്നുവരികയാണെന്നും ഇവിടെ നിന്നും ഫയൽ നീങ്ങാത്തതുകൊണ്ടുള്ള സാങ്കേതിക പ്രശ്‌നമാണെന്നുമാണ് വില്ലേജ് ഓഫീസ് അധികൃതരുടെ വിശദീകരണം.
എന്നാൽ കുടിശിക വർദ്ധിച്ചതോടെ സ്ഥാപനത്തിലെ കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇതിനുപിന്നാലെ വില്ലേജ് ഓഫീസറും മറ്റ് ജീവനക്കാരും ചേർന്ന് പണം പിരിവെടുത്ത് കുടിശിക അടച്ചു. പണം അടച്ചതോടെ വൈദ്യുതി പുന:സ്ഥാപിക്കുകയായിരുന്നു.















