മുംബൈയിലെ ഉപഭോക്തൃ കോടതി ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം തിരിച്ചെടുക്കാത്തതിനാണ് പിഴ ചുമത്തിയത്. “നോ റിട്ടേൺ പോളിസി” ചൂണ്ടിക്കാട്ടിയാണ് പ്രൊഡക്റ്റ് തിരിച്ചെടുക്കാൻ കമ്പനി വിസമ്മതിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിക്കുന്ന തരുണ രജ്പുതാണ് ഇ-കോമേഴ്സ് ഭീമനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചത്.
ഒക്‌ടോബർ 9-നാണ് 4,641 രൂപയ്‌ക്ക് ഹെർബലൈഫ് ന്യൂട്രീഷൻ ഫ്രഷ് എനർജി ഡ്രിങ്ക് മിക്‌സിന്റെ 13 കണ്ടെയ്‌നറുകൾ ചെയ്തത്. ഒക്‌ടോബർ 14-ന് പ്രൊഡക്ട് ഡെലിവറി ചെയ്തു. കവർ പൊട്ടിച്ചപ്പോൾ തന്നെ യുവതിക്ക് അസ്വാഭാവികത അനുഭവപ്പെട്ടിരുന്നു. കവറിലെ ക്യൂആർ കോഡും മാനുഫാക്ചറിംഗ് വിവരങ്ങളും മാഞ്ഞനിലയിലായിരുന്നു. വ്യാജ പ്രൊഡക്ടാണന്ന് തിരിച്ചറിഞ്ഞ യുവതി റിട്ടേൺ നൽകാൻ ശ്രമം നടത്തി. എന്നാൽ ഭക്ഷ്യോൽപ്പന്നം “നോ റിട്ടേൺ പോളിസിയിൽ” ഉൾപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫ്ലിപ്പ്കാർട്ട് അഭ്യർത്ഥന നിരസിച്ചു. കസ്റ്റർ കെയറിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വ്യാജ ഉൽപ്പന്നത്തിന്റെ ഫോട്ടോയും കസ്റ്റമർ കെയറുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളും പരിശോധിച്ച കോടതി നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. എന്നാൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന രജ്പുതിന്റെ ആവശ്യം കോടതി തള്ളി.















