തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽ നിന്നും പൂരം നടത്തിപ്പ് ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം. പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്നാണ് ദേവസ്വം ബോർഡിന്റെ നിർദ്ദേശം. ഇത്തരം ഒരു കമ്മിറ്റി ഇല്ലാതിരുന്നതാണ് കഴിഞ്ഞതവണ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്ന വാദവുമായിട്ടാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പൂരത്തിന്റെ ഭാഗമായ ആറ് ഘടക ക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ ഉള്ളത്. അതുകൊണ്ട് പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹൈപവർ കമ്മറ്റി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വാദം.
തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വൈകുക മാത്രമാണ് ഉണ്ടായതെന്നുമാണ് ദേവസ്വം ബോർഡ് പറയുന്നത്. ഒരു വിഭാഗം മാത്രം വിചാരിച്ചാൽ പൂരം നിർത്തിവയ്‌ക്കാൻ പാടില്ല. ഇനി അങ്ങനെ സംഭവിച്ചാലും പൂരം നിർത്തിവയ്‌ക്കാതിരിക്കാൻ വേണ്ടിയാണ് ഹൈപവർ കമ്മിറ്റി എന്ന ആവശ്യം മുന്നോട്ടുവയ്‌ക്കുന്നതെന്ന് ദേവസ്വം പറയുന്നു.
വിഷയത്തിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടായോ എന്ന് സംശയം ഉണ്ട്. അതീവ സുരക്ഷാ മേഖലയിൽ എൻഡിഎ സ്ഥാനാർഥി ആംബുലൻസിൽ എത്തിയത് സംശയം ഉണ്ടാക്കുന്നതാണെന്നും ദേവസ്വം ബോർഡ് പറയുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രതികരണത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദേവസ്വം ബോർഡ് ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകണമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു.