ന്യൂഡൽഹി: വഖ്ഫിന്റെ കടന്നു കയറ്റം ചെറുക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന വഖ്ഫ് ഭേദഗതി ബില്ലിനെ ‘മതേതര വിരുദ്ധ’മെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുസ്ലീം മതവിഭാഗത്തിന്റെ അവകാശങ്ങളെ കവർന്നെടുക്കുന്ന ബില്ലാണിതെന്നും അവർ അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെയാണ് വിഷയത്തിൽ കേന്ദ്ര നിലപാടെടുത്തതെന്ന പരാതിയും മമത ഉന്നയിച്ചു. നിയമസഭയിൽ അഭിസംബോധന ചെയ്യവേയാണ് മമത ബാനർജിയുടെ പരാമർശം. ഒരു മതത്തിന് എതിരാണ് വഖ്ഫ് ബിൽ. ഫെഡറൽ സംവിധാനത്തിനും വിരുദ്ധമാണ് ഭേദഗതി ബില്ലെന്നും അവർ ആരോപിച്ചു.
ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. മതത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ വച്ചുപൊറുപ്പിക്കില്ല. വഖ്ഫ് ബിൽ ഭേദഗതി ചെയ്യുന്നതോടെ മുസ്ലീംങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ്. വഖ്ഫിന്റെ വികസനത്തിനായി മുസ്ലീംങ്ങൾക്ക് പുറമേ ഹൈന്ദവർ വരെ സംഭാവന ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
ഒരു മതത്തിന് എതിരായ ബിൽ അവതരിപ്പിക്കുന്നത് വഴി വഖ്ഫ് സ്വത്തുക്കൾ തകർക്കുകയാണ് ലക്ഷ്യമെന്ന വിചിത്ര വാദവും മുഖ്യമന്ത്രി ഉന്നയിച്ചു. ഏതെങ്കിലും മതത്തിനെതിരെ അതിക്രമമം ഉണ്ടായാൽ ശക്തമായി അപലപിക്കുമെന്നും മമത പറഞ്ഞു. വഖ്ഫ് നിയം ഭേദഗതി ചെയ്യുന്നത് മതപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ ബിൽ പരിശോധിക്കാനായി പാർലമെൻ്ററി സമിതിയെ കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഉൾപ്പടെ വഖ്ഫ് അധിനിവേശം അതിരുവിടുന്നതിനിടയിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും തേങ്ങൽ എന്നതാണ് ശ്രദ്ധേയം.