ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി അദ്ദേഹത്തിന് അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും ബിജെപി എംപിയുമായ കങ്കണ റാവത്തും തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ചിത്രം പങ്കുവച്ചിരുന്നു. സ്ത്രീ സൗഹൃദ നയങ്ങൾക്ക് എക്കാലവും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള മോദിസർക്കാരിന്റെ സ്ത്രീശാക്തീകരണ നടപടികളുടെ ഏറ്റവും വലിയ ഉദാഹരണമായാണ് പലരും ചിത്രത്തെ വിലയിരുത്തിയത്.

ചിത്രത്തിന്റെ ആധികാരികതയിൽ സംശയം ഉണ്ടായില്ലെങ്കിലും ഈ വനിതാ കമാൻഡോ ആരെന്നായിരുന്നു പലരുടെയും അന്വേഷണം. മോദിക്ക് പിന്നിലായി ബ്ലാക്ക് സ്യൂട്ടിൽ നിൽക്കുന്ന വനിതാ ഉദ്യോഗസ്ഥ ഉയർന്ന പരിശീലനം ലഭിച്ച സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ഭാഗമാകുമെന്നാണ് പലരും ഊഹിച്ചത്. പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രിമാർ, അവരുടെ അടുത്ത കുടുംബാംഗങ്ങൾ എന്നിവരുടെ സുരക്ഷാ ചുമതല എസ്പിജിക്കാണ്. ചില വനിതാ എസ്പിജി കമാൻഡോകളും ഈ ‘ക്ലോസ് പ്രൊട്ടക്ഷൻ ടീമിന്റെ’ ഭാഗമാണ്.
എന്നാൽ ഈ വനിതാ ഉദ്യോഗസ്ഥ എസ്പിജിയുടെ ഭാഗമല്ലെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ഇവർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേർസണൽ സെക്യൂരിറ്റി ഓഫീസറാണ് (PSO). അവർ സെൻട്രൽ റിസർവ് പൊലീസ് സേനയുടേയോ സിആർപിഎഫിന്റേയോ അസിസ്റ്റൻ്റ് കമാൻഡൻ്റാണ്. മോദി സർക്കാർ രാജ്യത്തിന്റെ സായുധ സേനകളിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിച്ചിരുന്നു. വ്യോമ പ്രതിരോധം, സിഗ്നലുകൾ, ഓർഡനൻസ്, ഇൻ്റലിജൻസ്, എഞ്ചിനീയർമാർ, സർവീസ് കോർപ്സ് തുടങ്ങിയ വിഭാഗങ്ങളിൽ നിലവിൽ വനിതാ ഉദ്യോഗസ്ഥർക്കും പ്രതിനിധ്യമുണ്ട്.















