ഫെംഗൽ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരം തൊടാനൊരുങ്ങുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് മഴയും കാറ്റും കനക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഫെംഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. മോശം കാലാവസ്ഥയെ തുടർന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ കുടുങ്ങി. ആറ് മത്സ്യത്തൊഴിലാളികളെയും നാല് ജെട്ടി തൊഴിലാളികളെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
തൈക്കൽ തോണിത്തുറ നിവാസികളെയാണ് രക്ഷപ്പെടുത്തിയത്. സർക്കാർ അധികൃതരാണ് ഐസിജി റീജിയണൽ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിവരം അറിയിച്ചത്. പിന്നാലെ ചെന്നൈയിലെ കോസ്റ്റ് ഗാർഡ് എയർ സ്റ്റേഷനിൽ നിന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ദ്രുതഗതിയിൽ വിന്യസിക്കുകയായിരുന്നു. പത്ത് പേരെയും രക്ഷപ്പെടുത്താൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് സാധിച്ചു.
നിലവിൽ നാഗപട്ടണത്തിന് സമീപം ഏകദേശം 310 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽ നിന്ന് 410 കിലോമീറ്റർ തെക്കുകിഴക്കായും ചെന്നൈയിൽ നിന്ന് 480 കിലോമീറ്റർ തെക്കുകിഴക്കായുമാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. 24 മണിക്കൂറിനിടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്ടിൽ കനത്ത മഴയ്‌ക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി വിവിധ സേനകളെ സജ്ജമാക്കിയിട്ടുണ്ട്.















