ന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തിൽ ആശങ്ക പ്രകടപ്പിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. നവംബർ 25 നാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. എന്നാൽ തുടർച്ചയായി ഇരുസഭകളും പ്രതിപക്ഷ ബഹളം കാരണം തടസ്സപ്പെടുന്ന സ്ഥിതിയായിരുന്നു.
ഇന്ന് രാവിലെ ഇരുസഭകളും സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷ എംപിമാർ മുദ്രവാക്യവുമായി നടത്തളത്തിലിറങ്ങി. ബഹളത്തിനിടെ ചോദ്യോത്തരവേള മുന്നോട്ട് കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചെങ്കിലും, ഇത് സാധിക്കാതെ വന്നതിനെ തുടർന്ന് സഭ 12 മണി വരെ നിർത്തിവയ്‌ക്കുകയായിരുന്നു. . രാജ്യസഭയിലും സമാന സ്ഥിതിയായിരുന്നു. പ്രതിപക്ഷ സഹകരിക്കാത്തതിനെ തുടർന്ന് ഡിസംബർ 2 തിങ്കളാഴ്ചയിലേക്ക് രാജ്യസഭയും പിരിഞ്ഞു.
സഭയെ ബഹുമാനിക്കാത്ത, നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തെ അതിരൂക്ഷമായ ഭാഷയിലാണ് ഉപരാഷ്‌ട്രപതി വിമർശിച്ചത്. വളരെ മോശം കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നത്. നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇവിടെ അരങ്ങേറുന്ന സംഭവങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ല. ജനങ്ങൾക്ക് മുമ്പിൽ അപ്രസക്തരാകുകയാണ്. ജനങ്ങൾ പുച്ഛിക്കുമെന്നും ധൻഖർ പറഞ്ഞു.
വഖ്ഫ്, അദാനി, മണിപ്പൂർ വിഷയങ്ങൾ അടക്കം ചർച്ച ചെയ്യാൻ തയ്യാറാണെന്നാണ് കേന്ദ്രത്തിൻെറെ നിലപാട്. പാർലമെന്റ് സമ്മേളനത്തിൽ ഏത് വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു സമ്മേളനത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.















