തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയയെന്ന് ആവർത്തിച്ച് അച്ഛൻ ഉണ്ണി സി കെ. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് ഡ്രൈവറായ അർജുൻ തന്നെയാണെന്നും എങ്ങും തൊടാതെയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ എന്നെ
സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളിലൂടെയാണ് വാർത്തയെ കുറിച്ച് അറിഞ്ഞത്. ബാലഭാസ്കറിനെ കൊലപ്പെടുത്തിയെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സിബിഐ ചോദ്യം ചെയ്തുവെന്ന് പറയുന്നുണ്ട്. പക്ഷേ, റിപ്പോർട്ട് വായിച്ച് നോക്കിയാൽ മാത്രമേ അത് അറിയാനാകു. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും.
എടിഎം കവർച്ച ഉൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയാണ് അർജുൻ. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. റിപ്പോർട്ടുകളുടെ പൂർണവിവരം ലഭിച്ചിട്ടില്ല. വെറും സംശയമല്ല, ഇത് ഉറപ്പാണ്. കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് അന്വേഷണം സംഘം ശ്രമിക്കുന്നത്. സിബിഐയും സ്വർണക്കടത്ത് സംഘത്തിന് മുന്നിൽ വഴങ്ങി. വിഷ്ണു, തമ്പി എന്നിവരൊക്കെയാണ് സ്വർണകടത്തിന് നേതൃത്വം കൊടുക്കുന്നത്.
ബാലഭാസ്കറിന് പണം കൊടുക്കാനുള്ളവർ ഭാര്യ ലക്ഷ്മിക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. ലക്ഷ്മി തങ്ങളെ ബോയ്‌ക്കോട്ട് ചെയ്തിരിക്കുകയാണ്. ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല. വഴക്കൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, എന്തുകൊണ്ടെന്നറിയില്ല. കള്ളക്കടത്ത് മാഫിയ വലിയ സംഘമാണ്. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ അർജുൻ തന്നെയാണെന്ന് ഉറപ്പുണ്ടെന്നും അച്ഛൻ ഉണ്ണി പറഞ്ഞു.















