വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ മുട്ടയോടുള്ള പ്രിയമേറെയാണ്. ആരോഗ്യത്തിനായി മുട്ട പുഴുങ്ങി കഴിക്കുന്നവരുമുണ്ട്. മുട്ട വെള്ളത്തിലിട്ട് അടുപ്പത്ത് വച്ച് ഏറെ നേരം കഴിഞ്ഞു വന്ന് ഓഫ് ചെയ്യുന്നതാണ് മിക്കവരുടെയും ശീലം. മുട്ടയല്ലെ കുറച്ചു കൂടുതൽ നേരം തിളച്ചാലും കുഴപ്പം ഒന്നുമില്ല എന്നാണ് പൊതുവെയുള്ള നമ്മുടെ ധാരണ. ഇങ്ങനെയാണ് ശീലമെങ്കിൽ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്.
മുട്ടയുടെ മഞ്ഞയ്‌ക്ക് ചുറ്റിലും പച്ച നിറത്തിലുള്ള കോട്ടിംഗ് കണ്ടാൽ ആ മുട്ട കഴിക്കരുത്. മുട്ടയുടെ പ്രോട്ടീനിൽ സൾഫർ അടങ്ങിയിട്ടുണ്ട്. മുട്ട അമിതമായി വേവിക്കുമ്പോൾ മുട്ടയുടെ വെള്ളയിൽ ഹൈഡ്രജൻ സൾഫൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സൾഫറുമായി ചേർന്ന് വിഷവായു ഉണ്ടാകുന്നു. ഇതാണ് മുട്ടയുടെ മഞ്ഞയുടെ നിറ വ്യത്യാസത്തിന് കാരണം. മഞ്ഞക്കരുവിൽ അയൺ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജൻ സൾഫൈഡുമായി ചേർന്ന് അയൺ സൾഫൈഡ് ആകുന്നു. ഇത് മഞ്ഞഭാഗത്തിന് പച്ചനിറത്തിലുള്ള കോട്ടിംഗ് നൽകുന്നു. മുട്ട തിളപ്പിച്ച് കഴിഞ്ഞാൽ ഉടനെ തണുപ്പിക്കാനായി പച്ചവെള്ളത്തിലിടണമെന്ന് പറയുന്നതിന് പിന്നിൽ ഇതാണ്.
മുട്ടയുടെ വേവ് കൃത്യമായി അറിയാത്തതാണ് ഈ പ്രശ്നത്തിന് പിന്നിൽ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുട്ട കൃത്യമായി വേവിച്ചെടുക്കാം. വെള്ളം നന്നായി തിളച്ച ശേഷം തീ കുറച്ച് മുട്ട വേവിച്ചെടുക്കാം. മൃദുവായി പുഴുങ്ങിയെടുക്കാനാണെങ്കിൽ ആറ് മിനിറ്റ് വെള്ളത്തിലിട്ട് പുഴുങ്ങാം. ഇടത്തരം രീതിയിൽ വേവിക്കാനാണെങ്കിൽ ഒൻപത് മിനിറ്റ് വേവിക്കണം. നന്നായി കട്ടിയിൽ പുഴുങ്ങനാണെങ്കിൽ 13 മുതൽ 15 മിനിറ്റ് വരെ ചെറുതീയിൽ പുഴുങ്ങിയെടുക്കാം. വെള്ളത്തിൽ അൽപം വിനാഗരി ചേർക്കുന്നത് മുട്ട പൊട്ടാതിരിക്കാൻ സഹായിക്കും. തോട് പൊളിച്ചെടുക്കാനും എളുപ്പമായിരിക്കും.