കോതമംഗലം: ആനകൾ കൂട്ടമായി വന്നതുകാരണമാണ് തിരികെയെത്താൻ കഴിയാതിരുന്നതെന്ന് കുട്ടമ്പുഴ കാട്ടിൽ അകപ്പെട്ട ശേഷം തിരികെയെത്തിയ സ്ത്രീകൾ. കാണാതായ പശുവിനെത്തേടി ഇറങ്ങിയ മൂവർ സംഘം വഴിതെറ്റി വനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ആനകളിൽനിന്നും രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ പാറപ്പുറത്താണ് അഭയം തേടിയതെന്ന് മൂവർ സംഘത്തിലൊരാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് കാട്ടിലേക്ക് പോയത്. തിരികെ വരുന്ന വഴി ആനകൾ വന്നപ്പോൾ മറ്റൊരു വഴിയിലേക്ക് മാറി. ഇതാണ് വഴിതെറ്റാൻ കാരണം. ഒരു മുറിയുടെ വലിപ്പമുള്ള പാറപ്പുറത്താണ് കഴിഞ്ഞത്. ആരും ഉറങ്ങിയിട്ടില്ല. പുലർച്ചെ രണ്ടുമണിവരെ ആനകൾ ചുറ്റും ഉണ്ടായിരുന്നു. നല്ല തണുപ്പും കുറ്റാകൂരിരുട്ടും. അടുത്തിരിക്കുന്ന ആളെ പോലും കാണാൻ പറ്റില്ല. പരസ്പരം കൈകൊണ്ട് തിരഞ്ഞു നോക്കിയാണ് എല്ലാവരും ഉണ്ടെന്ന് ഉറപ്പുവരുത്തിയതെന്ന് മൂവർ സംഘത്തിലെ പാറുക്കുട്ടി പറഞ്ഞു. പാറുകുട്ടിയുടെ നേതൃത്വത്തിലാണ് ഇവർ കാട്ടിലേക്ക് പോയത്.
പാഞ്ഞടുത്ത കൊമ്പനുമുന്നിൽ പെടാതെ മരത്തിനു പിന്നിൽ മറഞ്ഞുനിന്നു. ഒരു നിമിഷത്തേക്ക് മൂവരും ഭയന്നുപോയെന്നും പാറുക്കുട്ടി പറഞ്ഞു. ആനകൾ പോയിക്കഴിഞ്ഞ് തിരികെ പോകാമെന്ന വിശ്വാസമുണ്ടായിരുന്നു. വീട്ടിലെ കാര്യമോർത്ത് ആശങ്കയുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിരുന്നില്ലെങ്കിലും കൃത്യസമയത്ത് മരുന്നും ഭക്ഷണവുമൊക്കെ കഴിക്കാത്തതിന്റെ പ്രശ്‍നങ്ങളുണ്ടെന്നും പാറുക്കുട്ടി പറയുന്നു.