”നയൻതാര:ബിയോണ്ട് ദ് ഫെയ്റിടെയ്ൽ എന്ന നെറ്റ്ഫ്ളിക്സ്” ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും അഭിഭാഷകൻ രാഹുൽ ധവാൻ. കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുൽ ധവാൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി.
ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും, സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും രാഹുൽ ധവാൻ പറയുന്നു. ” ഒരു രീതിയിലുമുള്ള പകർപ്പവകാശ ലംഘനവും നടന്നിട്ടില്ല. ഡോക്യുമെന്റ് സീരിസിൽ ഉപയോഗിച്ചിരിക്കുന്നത് സിനിമയിൽ നിന്നുള്ള ഭാഗങ്ങളല്ല. അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ തന്നെ നിയമലംഘനം നടന്നിട്ടില്ലെന്നും” അഭിഭാഷൻ ചൂണ്ടിക്കാട്ടി. കേസിൽ ഡിസംബർ രണ്ടിനാണ് മദ്രാസ് ഹൈക്കോടതി അടുത്ത വാദം കേൾക്കുന്നത്.
നെറ്റ്ഫ്ളിക്സിൽ പ്രദർശനം തുടരുന്ന ”നാനും റൗഡി താൻ” എന്ന സിനിമയിലെ ക്ലിപ്പുകൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ധനുഷ് കേസ് നൽകിയത്. ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നയൻതാരയും, നെറ്റ്ഫ്ളിക്സ് ഇന്ത്യയും 10 കോടി നഷ്ടപരിഹാരം നൽകണമെന്നും ധനുഷ് മുന്നറിയിപ്പ് നൽകിയിരുന്നു. നാനും റൗഡി താനിലെ മേക്കിങ് ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ധനുഷിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം മൊബൈലിൽ പകർത്തിയ മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ നയൻതാര ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ധനുഷ് നിയമനടപടി സ്വീകരിച്ചത്.















