തിരുവനന്തപുരം: നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 13 സ്ഥാവര ജംഗമ വസ്തുക്കൾ, ഫ്ലാറ്റ് എന്ന കണ്ടുകെട്ടിയവയിൽ ഉൾപ്പെടും.
ധന്യയുടെ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് എന്ന കമ്പനി ഫ്ളാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി വൻ തുക തട്ടിയെടുത്തുവെന്നാണ് കേസ്. കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭർത്താവുമായ ജോൺ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവൽ എന്നിവർക്കെതിരെ കേസ് എടുത്തിരുന്നു. കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ മേരി വർഗീസ്. 2016ൽ കേസിൽ ധന്യയും ഭർത്താവ് ജോണും അറസ്റ്റിലായിരുന്നു
സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് കോടിക്കണക്കിന് രൂപയാണ് പലരിൽ നിന്നായി വാങ്ങിയത്. എന്നാൽ കരാർ പ്രകാരം ഫ്ലാറ്റ് നിർമ്മിച്ച് നൽകുകയോ പണം തിരിച്ച് നൽകുകയോ ചെയ്തില്ല. തുടർന്ന് തട്ടിപ്പിന് ഇരയായവർ പേരൂർക്കട പൊലീസിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് കള്ളപ്പണം സംബന്ധിച്ച് ഇഡി അന്വേഷണം തുടങ്ങിയത്. ഇവർ തട്ടിയെടുത്ത പണം സ്വകാര്യ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്ന് ഇഡി കണ്ടെത്തി. ധന്യയുടെ ഭർതൃപിതാവിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കണ്ടുകെട്ടൽ നടപടിയിലേക്ക് കടന്നത്.















