ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യത്തിനെതിരെ എൻഐഎ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു.
പ്രതികളായ 17 പേർക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് എൻഐഎ സമർപ്പിച്ച ഹർജിയും കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടവർ സമർപ്പിച്ച ഹർജിയുമാണ് സുപ്രീംകോടതി പരിഗണിച്ചത്. കുറ്റകൃത്യത്തിൽ ഓരോ പ്രതികളുടെയും പങ്ക് എന്തായിരുന്നുവെന്ന് പരിശോധിക്കാതെയാണ് 17 പേർക്ക് ജാമ്യം അനുവദിച്ചതെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ജാമ്യം ലഭിച്ച പ്രതികൾക്ക് കോടതി നോട്ടീസയക്കുകയായിരുന്നു. അതേസമയം ജാമ്യം ലഭിക്കാത്ത പ്രതികൾ അക്കാര്യം ചോദ്യം ചെയ്ത് നൽകിയ ഹർജി ഡിസംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവം 2022 ഏപ്രിൽ 16-നാണുണ്ടായത്. പാലക്കാട് മേലാമുറി ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ പ്രതികൾ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു. പ്രതികളായ 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ 17 പേർക്കും ഹൈക്കോടതി ജാമ്യം നൽകി. ഈ ഉത്തരവിനെയാണ് എൻഐഎ ചോദ്യം ചെയ്തത്.















