കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇവർക്ക് ജാമ്യം നൽകിയാൽ കേസന്വേഷണം അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട അമീർ അലി ഉൾപ്പടെ ജാമ്യാപേക്ഷ നൽകിയിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താൻ മേലാമുറി ജംഗ്ഷനിലേക്ക് എത്തുന്നതിന് വേണ്ടി പ്രതികൾക്ക് മോട്ടോർസൈക്കിൾ തരപ്പെടുത്തി നൽകിയ പ്രതികളും ജാമ്യാപേക്ഷ നൽകിയവരിലുണ്ട്. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതികൾ ജാമ്യത്തിന് അർഹരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് ആധാരമായ വിവാദ ചോദ്യപേപ്പർ പ്രതികളുടെ കൈവശമുണ്ടായിരുന്നതിന്റെ തെളിവും ഹൈക്കോടതി പരിഗണിച്ചു.
അതേസമയം കേസിൽ പ്രതികളായ 17 പേർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കഴിഞ്ഞ ജൂണിലായിരുന്നു 17 പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എൻഐഎ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജാമ്യം ലഭിച്ച പ്രതികൾക്ക് കോടതി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസൻ പാലക്കാട് മേലാമുറി ജംഗ്ഷനിൽ വച്ച് 2022 ഏപ്രിലിലാണ് കൊല്ലപ്പെടുന്നത്. ബൈക്കിൽ ഇരച്ചെത്തിയ പോപ്പുലർഫ്രണ്ട് ഭീകരർ ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു.