ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് പിടിയിൽ. കൊല്ലം സ്വദേശിയായ ആരവിനെ ഉത്തരേന്ത്യയിൽ നിന്നാണ് ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്.
താൻ കീഴടങ്ങാൻ തയാറാണെന്നും ഒളിവിൽ കഴിയുന്ന സ്ഥലം എവിടെയാണെന്നും പ്രതി പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തിയത്. അതിലൊരു സംഘത്തെ അടിയന്തരമായി സ്ഥലത്തേക്ക് അയക്കുകയായിരുന്നു. ബെംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഇക്കഴിഞ്ഞ 26-നാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ അസം സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാനഗറിലെ റോയൽ ലിവിംഗ്സ് അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.















