പാലക്കാട്: ഷൊർണൂരിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്. കാണാതായെന്ന് പറഞ്ഞ 63 പവൻ അലമാരയിൽ നിന്ന് കണ്ടെത്തി. ഷൊർണൂരിലെ ത്രാങ്ങാലിയിലാണ് സംഭവം. ഇന്നലെ രാത്രി ത്രാങ്ങാലി സ്വദേശിയായ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്.
സ്വർണാഭരണങ്ങളും പണവും മോഷണം പോയി എന്നാണ് ബാലകൃഷ്ണനും കുടുംബവും ധരിച്ചിരുന്നത്. എന്നാൽ കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിൽ അലമാരയിൽ നിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ സമയത്തായിരുന്നു മോഷണം. വീട്ടിൽ മോഷണം നടന്നതായും 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും നഷ്ടപ്പെട്ടുവെന്നും ബാലകൃഷ്ണൻ പരാതി നൽകിയിരുന്നു.
ബാലകൃഷ്ണന്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അലമാരയിലെ താഴത്തെ അറയിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ഒരു ലക്ഷം രൂപയും വാച്ചും മാത്രമാണ് നിലവിൽ നഷ്ടപ്പെട്ടതെന്ന് ബാലകൃഷ്ണൻ പറഞ്ഞു.















