തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഫെംഗൽ ചുഴലിക്കാറ്റായി മാറി. തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി തെക്കന്‍ കേരളാ തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ഉച്ചയ്‌ക്ക് 2.30ഓടെയാണ് ചുഴലിക്കാറ്റായി മാറിയത്. ഈ വർഷം വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഫെംഗൽ. ഇതിന്റെ സ്വാധീനത്തിൽ വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കും. തുടർന്ന് തമിഴ്നാട്, പോണ്ടിച്ചേരി മേഖലകളിൽ 90 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
കേരളതീരത്ത് 55 കിലോമീറ്റർ വേഗത വരെ കാറ്റിനുണ്ടായേക്കാം. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് തീരങ്ങളിലേക്ക് മീൻ പിടിക്കാൻ പോവർ എത്രയും വേഗം തിരിച്ചുവരണമെന്നാണ് നിർദേശം. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. നാളെ തമിഴ്നാട് തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ട്.















