ന്യൂഡൽഹി: കാൻസറിനെ അതിജീവിക്കാൻ കഴിച്ച ഭക്ഷണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് ഭാര്യ നവജ്യോത് കൗറിന് വക്കീൽ നോട്ടീസ്. 850 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സിവിൽ സൊസൈറ്റി (സിസിഎസ്) ആണ് നോട്ടീസ് അയച്ചത്.
കാൻസർ ഭേദമാകുന്നതിന് കൗർ കഴിച്ച ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട് സിദ്ധു നടത്തിയ പ്രസ്താവനകളായിരുന്നു വിവാദത്തിന് ആധാരം. അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്ന തെളിവുകൾ ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് 850 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
നവംബർ 21ന്, മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ധുവിന്റെ വിവാദ പരാമർശം. സ്റ്റേജ് 4 കാൻസറിനോട് പോരാടുന്ന തന്റെ ഭാര്യക്ക് ഇനി 40 ദിവസം മാത്രമാണ് ശേഷിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ചില ഭക്ഷണരീതികൾ തന്റെ ഭാര്യയെ സഹായിച്ചുവെന്നായിരുന്നു സിദ്ധുവിന്റെ വാക്കുകൾ.
നാരങ്ങ വെള്ളത്തിൽ പച്ചമഞ്ഞളും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് കുടിച്ചാണ് ഭാര്യ ഒരു ദിനം ആരംഭിക്കുന്നതെന്നാണ് സിദ്ധു പറഞ്ഞത്. സാധാരണ ഭക്ഷണം ഒഴിവാക്കി. തുളസിയില, മാതളനാരങ്ങ, കാരറ്റ്, നെല്ലിക്ക, ബീറ്റ്‌റൂട്ട്, വാൽനട്ട്, വേപ്പ് എന്നിവ കഴിച്ചു. അത്താഴത്തിന് ക്വിനോവ മാത്രമാണ് നൽകിയിരുന്നത്. 7 പിഎച്ച് ലെവൽ ഉള്ള വെള്ളം മാത്രമാണ് കുടിച്ചതെന്നും ഈ ഭക്ഷണരീതിയാണ് ഭാര്യയെ കാൻസറിൽ നിന്ന് രക്ഷതേടാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങൾ പ്രസ്താവിക്കുന്നത് നിരവധി രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഛത്തീസ്ഗഡ് സിവിൽ സൊസൈറ്റി നിലവിൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.















