ട്രാൻസ്ജെൻഡർ വ്യക്തികൾ സ്വീകരിക്കുന്ന സെക്‌സ് ഹോർമോൺ തെറാപ്പി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് കണ്ടെത്തൽ. ദീർഘകാലത്തേക്ക് സെക്‌സ് ഹോർമോൺ തെറാപ്പി എടുക്കുന്നത് ട്രാൻസ്ജെൻഡറുകളുടെ ശരീരഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നുമാണ് പുതിയ പഠനം.
സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജേണൽ ഓഫ് ഇൻ്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ട്രാൻസ്‌ജെൻഡർ പുരുഷന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനമാണ് റിപ്പോർട്ടിലുള്ളത്. ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ ചികിത്സകൾ ചെയ്യേണ്ടിവരുമ്പോൾ ശരീരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ റിപ്പോർട്ടിൽ വിവരിക്കുന്നു. ഹോർമോൺ തെറാപ്പിക്ക് വിധേയരായ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ആവശ്യകതയെ അടിവരയിടുന്നതാണ് ഈ പഠന റിപ്പോർട്ട്.
ആറ് വർഷക്കാലയളവിൽ 33 പേരിലാണ് പഠനം നടത്തിയത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി സ്വീകരിക്കുന്ന 17 ട്രാൻസ്‌ജെൻഡർ പുരുഷന്മാരും ഈസ്ട്രജൻ എടുക്കുന്ന 16 ട്രാൻസ്‌ജെൻഡർ സ്ത്രീകളും ഉൾപ്പെടുന്നു. ട്രാൻസ്‌ജെൻഡർ പുരുഷന്മാരിൽ ചികിത്സ തുടങ്ങി ആദ്യ ഒരു വർഷത്തിനുള്ളിൽ മസിൽ മാസ് 21% വർധിച്ചിട്ടുണ്ട്. അതേസമയം ആറ് വർഷത്തിനിടെ ഇവരുടെ വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിൽ 70% വർദ്ധനവും രേഖപ്പെടുത്തി. കൂടാതെ ഇവരിൽ കരളിലെ കൊഴുപ്പിന്റെ അളവും കൂടുതലാണ്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനാൽ ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യതയും വർദ്ധിക്കുന്നു. ചികിത്സയ്‌ക്ക് മുമ്പും ഒരു വർഷത്തിനു ശേഷവും പിന്നീടുള്ള ഓരോ വർഷങ്ങളിലെ ഇടവേളകളിലും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതിന്റെ ഭാഗമായാണ് ഇതുകണ്ടെത്തിയത്.
അതേസമയം, ട്രാൻസ്‌ജെൻഡർ സ്ത്രീകളിൽ മിതമായ മാറ്റങ്ങളാണ് നിരീക്ഷിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ, അവരുടെ മസിൽ മാസ് 7% കുറഞ്ഞു. അതിനൊപ്പം അവരുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവും വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും ട്രാൻസ്‌ജെൻഡർ പുരുഷന്മാരിൽ രേഖപ്പെടുത്തിയ അത്രയും മോശം കൊഴുപ്പ് ട്രാൻസ്ജെൻഡർ സ്ത്രീകളിൽ രൂപപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്.















