തൃശൂർ: സു.ഡി.എഫ് (യുഡിഎഫ്) അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നതെന്ന് പത്മജ വേണുഗോപാൽ. സു.ഡി.എഫ് ഇനി കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ വരില്ലെന്നും പത്മജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം.
കോൺഗ്രസ് പാർട്ടി എനിക്ക് ഒരു മഹത്തായ കാര്യവും ചെയ്തു തന്നിട്ടില്ല. എന്റെ അച്ഛനെയും ചേട്ടനെയും എന്നെയും ഏറ്റവും കൂടുതൽ സംസ്‌കാരശൂന്യമായി അധിക്ഷേപിച്ചിട്ടുള്ളതും കോൺഗ്രസുകാർ തന്നെയാണ്. ഒടുവിൽ എന്റെ അമ്മയെ അധിക്ഷേപിക്കുന്ന അവസ്ഥയിൽ പോലും കോൺഗ്രസിന്റെ കുട്ടി നേതാവ് എത്തി. കെ. കരുണാകരന്റെ മകൾ എന്ന നിലയിൽ കോൺഗ്രസിൽ നിന്നും കിട്ടിയതിൽ കൂടുതൽ സ്‌നേഹം ബിജെപിയിൽ നിന്നും ലഭിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു.
പത്മജ ത്യാഗസമ്പന്നമായ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന കോൺഗ്രസുകാരാണ് ബിജെപിയിൽ പണിയെടുക്കാതെ വളർന്ന സന്ദീപ് വാര്യരെ പുകഴ്‌ത്തി നടക്കുന്നതെന്ന് അവർ വിമർശിച്ചു. ബിജെപിയിലായിരുന്ന സന്ദീപ് വാര്യർക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമ നടപടി സ്വീകരിച്ചപ്പോൾ ഉറച്ച പിന്തുണ നൽകിയ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു പത്മജയുടെ പ്രതികരണം.
സന്ദീപ് ബിജെപിയുടെ അടിസ്ഥാനതലത്തിൽ ഒരു പ്രവർത്തനവും നടത്തിയിട്ടുള്ള ആളല്ല.. വിദേശത്തു നിന്ന് വന്നു കഴിഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടും, ചാനൽ ചർച്ചകളിൽ പങ്കെടുത്തും സൂത്രത്തിൽ വളർന്ന ആളാണ്. 2016 ൽ മാത്രമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.. സന്ദീപ് വാര്യരെ കേരളത്തിൽ അറിയപ്പെടുന്ന തരത്തിൽ വിലാസം ഉണ്ടാക്കിക്കൊടുത്തത് ബിജെപിയാണ്.. സന്ദീപ് വാര്യരുടെ എല്ലാ പ്രയാസഘട്ടങ്ങളിലും ബിജെപി ഒപ്പം നിന്നിട്ടുണ്ട് എന്നുള്ളതിന് തെളിവാണ് കെ സുരേന്ദ്രന്റെ പോസ്റ്റെന്ന് അവർ പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയ എം ലിജുവിനെയും, സതീശൻ പാച്ചേനിയെയും പോലെയുള്ള നിരവധിപേരെ തഴഞ്ഞ് പവർ ഗ്രൂപ്പ് ഒരു പെൺകുട്ടിയെ രാജ്യസഭയിലേക്ക് സീനിയർ നേതാക്കൾ പോലും അറിയാതെ പിൻവാതിലിൽ കൂടി രാജ്യസഭയിലേക്ക് അയച്ച പോലെ കെ. കരുണാകരന്റെ മക്കൾക്ക് രാജ്യസഭാ സീറ്റ് ഒന്നും തന്നിട്ടില്ല. കോൺഗ്രസിൽ പ്രവർത്തിച്ച് എന്റെ ഭർത്താവിന്റെ പണം നഷ്ടപ്പെട്ടതല്ലാതെ, കോൺഗ്രസുകാർ എന്നെ സാമ്പത്തികമായി വഞ്ചിച്ചത് അല്ലാതെ (ഞാൻ സഹായം ചെയ്തിട്ടുള്ള പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നില്ല)
എംഎൽഎയോ എംപിയോ ആകുന്നതാണ് വലിയ മഹത്തായ കാര്യമെന്നാണ് കോൺഗ്രസുകാർ ചിന്തിച്ചു വച്ചിരിക്കുന്നത്. കേരളത്തിൽ മൂന്നാം സ്ഥാനത്തുള്ള ബിജെപിയിലേക്ക് താൻ പോയത് ദേശീയത ഇഷ്ടപ്പെട്ടും, നരേന്ദ്രമോദിയുടെ ഭരണ വൈഭവം ഇഷ്ടപ്പെട്ടും, മോദി ഭരണത്തിൽ രാജ്യത്തുണ്ടായ വികസന കുതിപ്പ് കണ്ടുമാണ്. അങ്ങനെയുള്ളവരാണ് ഇന്ന് ബിജെപിയിൽ അടിയുറച്ച് നിലകൊള്ളുന്ന സാധാരണ പ്രവർത്തകരെന്നും അവർ കുറിച്ചു.
ബിജെപി എന്റെ അഭിമാനം.. നരേന്ദ്രമോദിജി എന്റെ അഭിമാനം എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.















