ന്യൂഡൽഹി: അധികാരം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷം ജനാധിപത്യ മര്യാദകൾ ലംഘിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അധികാരം ജന്മാവകാശമായി കരുതുന്നവർക്ക് കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രത്തിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല. അവർ ഭരണഘടനയുടെ ആത്മാവ് തകർത്തു. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചാണ് പ്രതിപക്ഷ പാർട്ടികൾ അധികാരം കയ്യിലെടുക്കാൻ ശ്രമിക്കുന്നത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയാണ്. ഇത്തരം കുപ്രചരണങ്ങൾ രാജ്യത്തിന് വെല്ലുവിളിയാണ്. എന്നാൽ ആ ശ്രമങ്ങളെ തച്ചുടക്കാൻ രാജ്യത്തെ പൗരന്മാർ തയാറാകണം. രാജ്യത്തെ സ്നേഹിക്കുന്നവർ പ്രതിപക്ഷ പാർട്ടികളുടെ നുണകളിൽ വീഴാതിരിക്കുക. ജനങ്ങൾ എൻഡിഎ സർക്കാരിനെ വിശ്വസിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഒഡീഷ, ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ വിജയം.
ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്‌ട്രീയ നിരീക്ഷകരെ പോലും അതിശയിപ്പിച്ചു. ഒഡീഷയിലെ ഗോത്രവർഗ വിഭാഗത്തിലെ സ്ത്രീ പ്രതിനിധിയായ ദ്രൗപദി മുർമു ഇന്ന് രാജ്യത്തിന്റെ രാഷ്‌ട്രപതിയാണ്. ഇത് രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആത്മവിശ്വാസം നൽകുന്നു. അവരുടെ യാത്ര എന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















