പട്ന: കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ദർഭംഗ ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി 1,388 കോടി രൂപയുടെ വായ്പ വിതരണം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പരിപാടിയുടെ ഭാഗമായി വിവിധ ബാങ്കുകളിലുള്ള 49,137 ഗുണഭോക്താക്കൾക്കാണ് വായ്പ വിതരണം ചെയ്തത്. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ, ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങളുടെ സാമ്പത്തികഭദ്രതയ്ക്ക് വേണ്ടി സംസ്ഥാനത്തെ വിവിധ ബാങ്കുകൾ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി എം നാഗരാജു ചടങ്ങിൽ സംസാരിച്ചു. 25 സ്റ്റാളുകളുള്ള കരകൗശല വസ്തുക്കളുടെ എക്സിബിഷൻ നിർമല സീതാരാമൻ സന്ദർശിച്ചു. ഭരണഘടനയുടെ സംസ്കൃത പതിപ്പിന്റെ അഞ്ച് കോപ്പികൾ വീതം കേന്ദ്രമന്ത്രി വിശിഷ്ട അതിഥികൾക്ക് സമ്മാനിച്ചു.
ദിവ്യാംഗർക്ക് ട്രൈസൈക്കിളുകൾ നിർമല സീതാരാമൻ വിതരണം ചെയ്തു. ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു. ഗ്രാമീണ റോഡ് പദ്ധതികൾക്കായി 74 കോടി രൂപ അനുവദിച്ചതായി നബാർഡ് അറിയിച്ചു. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകുമെന്നും എസ്ഐഡിബിഐയും വ്യക്തമാക്കി.
സംസ്ഥാനത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.















