പത്തനംതിട്ട: നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വീടിനുള്ളിൽ ഉണ്ടായിരുന്ന രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോഡ് കയറിവന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. റോഡിനോട് ചേർന്ന് അൽപം താഴ്ചയിലാണ് വീടുള്ളത്. റോഡിൽ നിന്ന് തെന്നിമാറിയ ലോറി നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശമാണിത്.
വീടിന് മുകളിലെ സ്ലാബ് പൂർണമായും തകർന്നുവീണു. നാട്ടുകാരാണ് പരിക്കേറ്റവരെ വീടിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്.















