ആലപ്പുഴ: ബീച്ചിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു. ദിവസങ്ങൾ പഴക്കമുള്ള തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിഞ്ഞത്. രാവിലെ നടക്കാനിറങ്ങിയവരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. പിന്നീട് പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. നഗരസഭ അധികൃതർ എത്തി പരിശോധന നടത്തിയിട്ടുണ്ട്.
സാധാരണയായി തിമിംഗലങ്ങൾ കരയ്‌ക്കടിയുമ്പോൾ വനംവകുപ്പ് എത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ ജഡം സംസ്കരിക്കുകയുള്ളൂ. അത്തരത്തിൽ ഇവിടെ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്താനാണ് വനംവകുപ്പിന്റെ നീക്കം.
നിരവധി പേരാണ് കൂറ്റൻ തിമിംഗലത്തെ കാണാനായി ബീച്ചിലേക്കെത്തുന്നത്. പ്രദേശത്ത് രാവിലെ മുതൽ വലിയ ദുർഗന്ധം ഉണ്ടായിരുന്നെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയതെന്നും നാട്ടുകാർ പ്രതികരിച്ചു. ആദ്യമായാണ് ഇത്രയും വലിയ തിമിംഗലം കരയ്‌ക്കടുക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.















