മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും കറിവേപ്പില നല്ലതാണ്. കലോറി കുറവായ കറിവേപ്പിലയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി,വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. കറിവേപ്പിലയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
ദിവസം വെറും വയറ്റിൽ കറിവേപ്പില ചവച്ച് കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ്…
- ദഹനം മെച്ചപ്പെടുത്തുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് കറിവേപ്പില. കുടലിന്റെ ആരോഗ്യത്തിനും കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.
- മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ആൻ്റി-ഓക്സിഡൻ്റുകൾ എന്നിവ മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നര മറാനും ഉള്ള് വർദ്ധിപ്പിക്കാനും കറിവേപ്പില നല്ലതാണ്. ഇക്കാരണത്താലാണ് ഹെയർ ഓയിലുകളിൽ കറിവേപ്പില ചേർക്കുന്നത്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹരോഗികൾക്ക് വളരെ സഹായകമാണ് കറിവേപ്പിലയെന്ന് സാരം.
- ശരീരഭാരം നിയന്ത്രിക്കാനും കൊഴുപ്പ് അകറ്റാനും വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.
- ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.
- ഗർഭാവസ്ഥയുടെ ആദ്യ ത്രൈമാസത്തിലെ ഓക്കാനത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് കറിവേപ്പില സഹായകമാണ്.
- കറിവേപ്പിലയിലെ ആൻ്റി-ഓക്സിഡൻ്റുകൾ ചർമത്തിന് ഗുണം ചെയ്യുന്നു. കറുത്ത പാടുകളും മുഖക്കുരുവും മാറാനും ചർമത്തിന് നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
- സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ കറിവേപ്പിലയ്‌ക്ക് കഴിയുന്നു. കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാനും കറിവേപ്പില നല്ലതാണെന്നാണ് പറയപ്പെടുന്നത്.
- കറിവേപ്പില തലയോട്ടിയിലെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും മൃത രോമകൂപങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
- വിറ്റാമിൻ എ സമ്പന്നമായതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പതിവായി കറിവേപ്പില കഴിച്ചാൽ തിമിരം പോലുള്ള അവസ്ഥകളെ തടയും.