എറണാകുളം: പെരുമ്പാവൂരിൽ വിവിധഭാഷാ തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രിയാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് ഇരുവരും. പ്രതിയുടെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.















