ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഭായ് ജഗ്‌താപിനെതിരെ പരാതി നൽകി ബിജെപി നേതാവ് കിരിത് സോമയ്യ. തെരഞ്ഞെടുപ്പ് കമ്മീഷനെ നായയയോട് ഉപമിച്ച പരാമർശത്തിനെതിരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനും മുംബൈ പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ തോൽവിക്ക് പിന്നാലെയാണ് ഇവിഎമ്മുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പഴിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയത്.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി വൻവിജയത്തോടെ അധികാരത്തിലെത്തിയിരുന്നു. കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും മുംബൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തുവെന്ന് സോമയ്യ പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരത്തിൽ അപമാനകരമായ പരാമർശം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഭായ് ജഗ്‌താപിനെതിരെ നടപടിയെടുക്കണം. 2025 മാർച്ചിൽ നടക്കാനിരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനെ ഭയന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസും ശിവസേനയും (UBT) ഇവിഎമ്മുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ നായയാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം. എന്നാൽ തന്റെ പ്രസ്താവനയിൽ മാപ്പ് പറയാൻ തയാറല്ലെന്ന നിലപാടിലാണ് ഭായ് ജഗ്താപ്. പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സമ്മർദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അതിനാൽ പറഞ്ഞതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.















