തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോമെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിലാണ് നടപടി. അതിനാൽ സെക്രട്ടറിയേറ്റ് ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടതില്ല. പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതിലാലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ദിവസവേതനക്കാർ, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ, ഗുരുതരമായ അസുഖം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്ക് ഇളവുനൽകിയിട്ടുണ്ട്. അത്തരക്കാരെ പഞ്ചിംഗിൽ നിന്ന് ഒഴിവാക്കിയതായാണ് വിവരം. ഇതുപോലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും ഇളവുലഭിച്ചവർക്കും വേണ്ടി മാത്രം ഹാജർ ബുക്ക് നിലകൊള്ളും.
എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഹാജർ ബുക്ക് ഒഴിവാക്കി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് സംവിധാനത്തിന് തുടക്കമിട്ടത്. വരുംമാസങ്ങളിൽ സംസ്ഥാനത്തെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പഞ്ചിംഗ് സംവിധാനം പ്രാബല്യത്തിൽ വന്നേക്കും.















