ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് സമീപം ശനിയാഴ്ച വൈകിട്ട് തീരംതൊട്ടതായി റിപ്പോർട്ട്. അതിശക്തമായ വേഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. തമിഴ്നാടിന്റെ വടക്കൻ ജില്ലകളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അടുത്ത നാല് മണിക്കൂറോളം 80-90 കിലോമീറ്റർ വേഗതയിൽ കാറ്റുവീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. വരും മണിക്കൂറിൽ ചുഴലിക്കാറ്റ് രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്നാണ് വിവരം. ഇതിനോടകം തന്നെ ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി. വിമാനത്താവളം തുറക്കാൻ വൈകുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് ശേഷം എയർപോർട്ട് തുറന്നേക്കുമെന്നാണ് സൂചന. നിലവിൽ നൂറിലേറെ വിമാനങ്ങളാണ് ചെന്നൈയിൽ റദ്ദാക്കിയത്. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചതായി വിവരമുണ്ട്. ഇതിലൊരാൾ യുപി സ്വദേശിയാണ്. എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെയായിരുന്നു അപകടം.
കനത്ത മഴയെ തുടർന്ന് ചെമ്പരമ്പാക്കം തടാകത്തിൽ ജലനിരപ്പ് ഉയരുകയാണ്. മെട്രോ റെയിൽ നിർമാണം സ്തംഭിച്ചു. മഴവെള്ളം ഒഴുക്കിവിടാനായി 350 മോട്ടോർ പമ്പുകളാണ് എത്തിച്ചിരിക്കുന്നത്. ചെന്നൈ കോർപ്പറേഷനിൽ 329 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.















