അബുദാബി: രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു. പുതുക്കിപ്പണിത കത്തീഡ്രലിന്റെ കൂദാശയ്‌ക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യമായി മാറിയ ചടങ്ങിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും പങ്കെടുത്തു.

യുഎഇ രാഷ്‌ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥലം അനുവദിച്ച് അദ്ദേഹം തന്നെ ശിലയിട്ട ദേവാലയത്തിൽ 1971 ഡിസംബർ ഒന്നിന് ആദ്യ പ്രാർത്ഥന തുടങ്ങിയിട്ട് 53 വർഷം പിന്നിടുന്ന വേളയിലാണ് പുതുക്കിപ്പണിത കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നത്. സാമൂഹിക വികസന വിഭാഗം ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, യുഎഇ പൗരനും രാജകുടുംബത്തിന്റെ ഡോക്ടറും അൽഐൻ ഡിസ്ട്രിക്ട് മുൻ മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് മാത്യു തുടങ്ങിയവരും പങ്കെടുത്തു.

സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് യുഎഇയെന്നും രാഷ്‌ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ട് വച്ച മതസൗഹാർദവും ദീർഘവീക്ഷണവുമാണ് രാജ്യത്തിന്റെ കരുത്തെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കണ്ട് മനുഷത്വത്തിന്റെ മഹത്തായ സന്ദേശമാണ് ഷെയ്ഖ് സായിദ് പങ്കുവച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്ന വിശാലമായ കാഴ്ചപ്പാടാണ് യുഎഇ പങ്കുവയ്‌ക്കുന്നതെന്നും യുഎഇയിലെ ഭരണനേതൃത്വം എപ്പോഴും ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും സന്ദേശം മഹത്തരമാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ചൂണ്ടിക്കാട്ടി.
വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ ചരിത്രം, അത്ഭുതങ്ങൾ, ഉപമകൾ എന്നിവയുടെ ഐക്കണുകൾ, പൗരാണിക പാരമ്പര്യത്തെ എടുത്തുകാട്ടുന്ന നിർമ്മിതികൾ എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. 1.5 കോടി ദിർഹം ചെലവിൽ പണിതുയർത്തിയ ദേവാലയത്തിൽ ഒരേസമയം 2,000 പേർക്ക് പ്രാർത്ഥിക്കാം. ജാതി, മത ഭേദമന്യേ ഏവർക്കും ഏതുസമയത്തും ദേവാലയത്തിലെത്തി പ്രാർത്ഥിക്കാനാകും.













