ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അന്ത്യാപേക്ഷിതമാണ് വിറ്റാമിൻ ഡി. ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി വേണം. സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന ഇത് പോഷകമായും ഹോർമോണായും പ്രവർത്തിക്കുന്നു. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡി യുടെ പ്രദാന ഉറവിടമെന്ന് അറിയാം.
വെയിൽ കൊണ്ടാൽ വിറ്റാമിൻ ഡി ലഭിക്കുമെന്ന് കരുതി പകൽ സമയം മുഴുവൻ വെയിലേറ്റാൽ പണി കിട്ടുമെന്ന് ഉറപ്പാണ്. രാവിലെ പത്ത് മണിക്ക് മുൻപ് വെയിലേൽക്കുന്നതാണ് വിറ്റാമിൻ ഡിയുടെ ആഗിരണത്തിന് നല്ലത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളുമായി ചർമ്മം സമ്പർക്കം പുലർത്തുമ്പോഴാണ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. പേശികളുടെ ആരോഗ്യത്തിനും, മാനസികാരോഗ്യത്തിനുമൊക്കെ അനിവാര്യമായ വിറ്റാമിൻ ഡിയുടെ അഭാവം പലരിലുമുണ്ട്. വെയിൽ നിന്ന് അല്ലാതെയും വിറ്റാമിൻ ഡി ലഭിക്കുമെന്ന് അറിഞ്ഞിരിക്കണം. അത്തരം ചില ഭക്ഷണങ്ങളെ കുറിച്ചറിയാം..
- കൊഴുപ്പടങ്ങിയ മത്സ്യങ്ങളാണ് പട്ടികയിൽ ആദ്യം. സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയവ വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ്.
- പാലും പാലുത്പന്നങ്ങളും വിറ്റാമിൻ ഡി വർദ്ധിപ്പിക്കുന്നു. പ്രോട്ടീനും കാൽസ്യവും പാലിലും യോഗർട്ടിലുമൊക്കെ അടങ്ങിയിരിക്കുന്നു.
- മുട്ടയുടെ മഞ്ഞക്കരുവാണ് മറ്റൊരു മാർഗം. വിറ്റമിൻ ഡിയും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ള ഇതിൽ കൊഴുപ്പ് കൂടുതലുള്ളതിനാൽ ദിവസവും ഒരു മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതാകും ഉചിതം.
- അൾട്രാവയലറ്റ് രശ്മികൾക്ക് വിധേയപ്പെട്ട് വളർന്ന ചിലതരം കൂണുകൾ വിറ്റാമിൻ ഡി സമ്പന്നമാണ്. ഷിറ്റേക്ക്, പോർട്ടോബെല്ലോ തുടങ്ങിയ കൂണുകൾ കഴിക്കുന്നത് നല്ലതാണ്.
- സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഡി സമ്പന്നമാണ്. സാലഡ്, തൈര് എന്നിവയോടൊപ്പം സൂര്യകാന്തി വിത്തുകളും ചേർത്ത് കഴിക്കാം.
- കോഡ് ലിവർ ഓയിൽ, ധാന്യങ്ങൾ, ചീസ്, സോയ പാൽ, ഓട്‌സ് തടുങ്ങിയവയിലും വിറ്റാമിൻ ഡി ധാരാളമായുണ്ട്.
- ഓറഞ്ച് ജ്യൂസും വിറ്റാമിൻ ഡിയുടെ ഉറവിടമാണ്.