ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഇന്നലെ ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ ക്ഷേത്രക്കുളങ്ങൾ നിറഞ്ഞത് ഭക്തജനങ്ങളിൽ ആഹ്ലാദമുണർത്തി. ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള “ഏരി” എന്ന് പ്രാദേശികമായി വിളിക്കുന്ന ജലസംഭരണികൾ നിറഞ്ഞു കവിഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.
ഫെംഗൽ കൊടുങ്കാറ്റിനെ തുടർന്ന് നവം. 30 നു തകർത്തു പെയ്ത കനത്ത മഴയിൽ ചെന്നൈ മൈലാപ്പൂർ കപാലീശ്വര ക്ഷേത്രക്കുളം, ചിത്രകുളം, അഗസ്തീശ്വരർ പ്രസന്ന വെങ്കിടേശ ക്ഷേത്രം, തിരുപ്പോരൂരിലെ ക്ഷേത്രക്കുളങ്ങൾ എന്നിവ നിറഞ്ഞു കവിഞ്ഞു. 24.2 ലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള വടപളനി ആണ്ടവർ ക്ഷേത്രക്കുളവും നിറഞ്ഞുകവിഞ്ഞു.
ഇതിന്റെ ഫലമായി ചെറുകിട ജലാശയങ്ങൾക്കും ക്ഷേത്രക്കുളങ്ങൾക്കും സമീപമുള്ള പ്രദേശങ്ങളിൽ ഭൂഗർഭജലനിരപ്പിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പുലർച്ചെ മുതൽ മണിക്കൂറുകൾ നീണ്ടുനിന്ന ശക്തമായ മഴയിൽ 200 ചെറുതും ഇടത്തരവുമായ പൊതു കുളങ്ങളും ക്ഷേത്രക്കുളങ്ങളും നിറഞ്ഞു എന്നാണ് കണക്ക്.
ഇന്നലെ പെയ്ത കനത്ത മഴയിൽ ഗിണ്ടി റേസ് കോഴ്‌സിലെ 1.5 ലക്ഷം ഘനമീറ്റർ ശേഷിയുള്ള ആറ് കുളങ്ങളും നിറഞ്ഞിരിക്കുകയാണ്. അമ്പത്തൂരിലെ അയ്യൻ കുളം, കലൈവാനൻ കുളം, വൈരകുളം എന്നിവ കരകവിഞ്ഞൊഴുകി.
കഴിഞ്ഞ മാസം നഗരത്തിലെ 200 കുളങ്ങളിൽ 170 എണ്ണമെങ്കിലും വറ്റിച്ചിരുന്നു. ഇതും ഗുണകരമായിട്ടുണ്ട്.