പാലക്കാട്: കാട്ടാനയെ കാട് കയറ്റുന്നതിനിടെ പടക്കം കയ്യിൽ നിന്നും പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പാലക്കാട് ധോണിയിലാണ് സംഭവം. ഒലവക്കോട് ആർആർടിയിലെ വാച്ചർ ഷൈനുൽ ആബിദിനാണ് പരിക്കേറ്റത്.
അകത്തേത്തറ നീലിപ്പാറയിൽ കാട്ടാനയെ തുരത്തുന്നതിനിടെയായിരുന്നു സംഭവം. കാട്ടാന നിൽക്കുന്ന ഭാഗത്തേക്ക് പടക്കം എറിയുന്നതിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. ഷൈനുൽ ആബിദിന്റെ രണ്ട് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, പാലക്കാട് വിവിധയിടങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലിറങ്ങി വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. നെന്മാറയിൽ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. അളുവശേരി കച്ചേരിപ്പാടം, ചേരുംകാട് ഭാഗത്താണ് കാട്ടാനയിറങ്ങിയത്. സൗരോർജവേലികൾ തകർത്തായായിരുന്നു കാട്ടാനയുടെ പരാക്രമം.