തിരുവനന്തപുരം: നാലാഞ്ചിറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് കൂട്ടമായി മർദ്ദിക്കുകയായിരുന്നു. രണ്ട് സ്കൂളിലെയും വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നാലാഞ്ചിറയിൽ ഒരേ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം നിലനിന്നിരുന്നു. ഇതേത്തുടർന്ന് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ വഴിയിൽ വച്ച് തടയുകയും ചേദ്യം ചെയ്യുകയുമായിരുന്നു.
തുടർന്നുണ്ടായ വാക്കേറ്റത്തിൽ പ്രകോപിതരായ വിദ്യാർത്ഥികൾ കുട്ടിയെ സംഘം ചേർന്ന് മർദ്ദിച്ചു. വേദനിച്ച് കുട്ടി നിലവിളിച്ച് ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വിവരം സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചെങ്കിലും സ്കൂളിന് പുറത്തു നടന്ന വിഷയമായതിനാൽ ഇടപെടാനാകില്ലെന്നായിരുന്നു മറുപടിയെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ രക്ഷിതാക്കളോ, സ്കൂൾ മാനേജ്മെന്റോ പരാതി നൽകിയിട്ടില്ലെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു.