മലപ്പുറം: കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി. 125 താത്കാലിക ജീവനക്കാരെ പിരിച്ചുവിടനായിരുന്നു തീരുമാനം. ആലത്തൂർ എംപി കെ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മിൽ നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് തീരുമാനം.
നടപടിയിൽ നിന്ന് പിന്മാറണമെന്നും ഉത്തരവ് രജിസ്ട്രാർ തിരുത്തണമെന്നും മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. നടപടി റദ്ദാക്കി കലാമണ്ഡലം രജിസ്ട്രാർ ഉത്തരവിറക്കി.
125-ഓളം വരുന്ന അദ്ധ്യാപക- അനദ്ധ്യാപകരായിട്ടുള്ള താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു തീരുമാനം. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് പതിവായിരിക്കേ സാമ്പത്തിക ബാധ്യതയും സർക്കാർ സഹായമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. കലാമണ്ഡലത്തിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു നടപടി. ഇതാണ് സർക്കാർ റദ്ദാക്കിയിരിക്കുന്നത്.















