ഭുവനേശ്വർ: ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം, ഡീപ്‌ഫേക്ക് വീഡിയോകൾ തുടങ്ങിയവയിൽ നിന്നുണ്ടാകുന്ന ഭീഷണികളിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭുവനേശ്വറിൽ നടന്ന 59ാമത് ഡിജിപി-ഐജിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ സമാപന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ്, മ്യാൻമർ അതിർത്തികളിൽ നിന്നും വർദ്ധിച്ച് വരുന്ന സുരക്ഷാ ആശങ്കകൾ, അതിർത്തി മേഖലകളിലെ തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, കുടിയേറ്റം, തീരദേശ സുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങീ ദേശീയ സുരക്ഷയ്‌ക്ക് വെല്ലുവിളിയാകുന്ന വിവിധ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടന്നു.
ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, എഐയുടെ ദുരുപയോഗം എന്നിവയെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തന്നെ പ്രതിരോധിക്കണമെന്നും, വെല്ലുവിളികളെ അവസരമാക്കി മാറ്റി മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ തീരദേശ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഇതിനായി ഭാവിയിലേക്ക് കർമ്മപദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത് ഭാരത് എന്ന ആശയത്തിനൊപ്പം രാജ്യത്തിന്റെ പൊലീസ് സേനയിലും നവീകരണങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന കോൺഫറൻസിൽ ഡിജിപി, ഐജി റാങ്കിലുള്ള 250ഓളം ഉദ്യോഗസ്ഥർ നേരിട്ടും, 750ഓളം പേർ ഓൺലൈനായും പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയവും ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും വിവിധ സെഷനുകളിലായി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സുരക്ഷാ ആഭ്യന്തര പ്രശ്‌നങ്ങളിന്മേലുള്ള ചർച്ചകളും ശുപാർശകളും പ്രധാനമന്ത്രിയുമായി പങ്കിടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് ഇതുവഴി അവസരം ലഭിക്കുന്നു.
2013 വരെ ഡൽഹിയിൽ വച്ചായിരുന്നു ഈ വാർഷിക സമ്മേളനം നടത്തിയിരുന്നത്. 2014ൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യതലസ്ഥാനത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലേക്ക് പരിപാടി മാറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗുവാഹത്തി, ഹൈദരാബാദ്, കെവാഡിയ, പൂനെ, ലക്‌നൗ, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മുൻവർഷങ്ങളിൽ വാർഷിക സമ്മേളനം നടത്തിയത്.















