വാഷിംഗ്ടൺ: തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി തോക്ക് കൈവശം വച്ചതിനും, ക്രിമിനൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിലും ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കേസുകളിന്മേൽ ഹണ്ടർ ബൈഡനുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടില്ലെന്ന നിലപാട് ജോ ബൈഡൻ സ്വീകരിച്ചിരുന്നുവെങ്കിലും, പ്രസിഡന്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബൈഡൻ തന്റെ നിലപാട് തിരുത്തുകയായിരുന്നു.
” ഇന്ന് ഞാൻ എന്റെ മകനായ ഹണ്ടറിന് മാപ്പ് നൽകുകയായിരുന്നു. നീതിന്യായ വകുപ്പിന്റെ തീരുമാനങ്ങളിൽ ഒരു രീതിയിലുമുള്ള ഇടപെടൽ നടത്തില്ലെന്ന് അധികാരമേറ്റ ദിവസം തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. എന്റെ മകനെതിരെ അന്യായമായി പെരുമാറിയിട്ട് കൂടി ഈ സമയം വരെ ഞാൻ വാക്ക് എന്റെ വാക്ക് പാലിക്കുകയും മകനെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തു.
എന്റെ മകനായതിന്റെ പേരിൽ അവൻ വേട്ടയാടപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹണ്ടറിനെതിരെ ഗൂഢാലോചനകൾ നടന്നികുന്നു. ഹണ്ടറിലൂടെ എന്നെ തകർക്കാനാണ് അവർ ലക്ഷ്യമിട്ടത്. അതല്ലാതെ മറ്റൊരു കാരണമില്ല. ഇത് ഇവിടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. നീതിന്യായവ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. പക്ഷേ ഈ കേസിൽ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ല. സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയവരെക്കാൾ ക്രൂരമായി അവൻ വിചാരണ നേരിട്ടു. ഒരു പിതാവെന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും ഈ തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് അമേരിക്കയിലെ ജനതയ്‌ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും” ജോ ബൈഡൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
2018ൽ നിയമവിരുദ്ധമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഹണ്ടറിനെതിരായ കേസ്. ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ പ്രസ്താവന നൽകിയെന്നും, വ്യാജരേഖ തയ്യാറാക്കി തോക്ക് കൈവശം വച്ചു എന്നതുൾപ്പെടെയുള്ള മൂന്ന് കുറ്റങ്ങൾ ഹണ്ടറിനെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ആദ്യമായാണ് യുഎസിൽ അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ മകൻ ക്രിമിനൽ കേസിൽ കുറ്റക്കാരനായത്. 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഹണ്ടറിനെതിരെ ചുമത്തിയിരുന്നത്.















