കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കി തുടങ്ങി. രോഗികളെ കൊള്ളയടിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ആശുപത്രി വികസനത്തിനും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിനും വേണ്ടിയാണ് തുക ഈടാക്കുന്നതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
കളക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സ സൗജന്യമാണ്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും മറ്റുമുള്ള ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് രോഗികളെ പിഴിയാൻ തീരുമാനമെടുത്തത്. കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് മെഡിക്കൽ കോളേജ് ആശുപത്രി.















