ഡൽഹി: ഫ്രാൻസിൽ നിന്ന് 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. അടുത്ത മാസം കരാർ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016-ൽ 36 റഫാൽ യുദ്ധവിമാനങ്ങൾക്കായി ഇരു രാജ്യങ്ങളും തമ്മിൽ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഇതേ മാനദണ്ഡപ്രകാരമായിരിക്കും പുതിയ കരാർ എന്നും നാവികസേന ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
റഫാൽ മറൈൻ ജറ്റുകൾ ഇന്ത്യയിൽ എത്തിക്കാൻ ഏകദേശം അരലക്ഷം കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ഒക്ടടോബർ ആദ്യവാരം ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ ഫ്രാൻസ് സന്ദർശന വേളയിൽ റഫാലുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനിക്കപ്പലിലും വിവിധ താവളങ്ങളിലുമാണ് 26 റഫാൽ മറൈൻ ജെറ്റുകൾ വിന്യസിക്കുക.
ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഫ്രാൻസുമായി കരാറിൽ ഒപ്പുവയ്‌ക്കാനാണ് തീരുമാനം. കരാർ നടപ്പിലായാൽ നാവികസേന നിലവിൽ വിന്യസിച്ചിരിക്കുന്നമിഗ് യുദ്ധവിമാനങ്ങൾക്ക് പകരം ദസാൾട്ട് ഏവിയേഷനിൽ നിന്നുള്ള മറൈൻ ജെറ്റുകൾ കൊണ്ടുവരും. യുദ്ധവിമാനം വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നല്കിയിട്ടുണ്ട്.
വിമാനവാഹനികളിൽ നിന്ന് കുതിച്ചുപറക്കുന്ന റഫാലുകൾ, നേവിക്കായി കൊച്ചിയിൽ നിർമ്മിച്ച പുതിയ വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിനും നേട്ടമാകും. റഫാൽ മറൈൻ വിമാനങ്ങൾ സ്വന്തമായാൽ വിക്രാന്തിനൊപ്പം ഐ.എൻ.എസ് വിക്രമാദിത്യയിലും വിന്യസിക്കാനാണ് നേവിയുടെ തീരുമാനം.















